Blog Thumbnail

ആത്മഹത്യയിലേക്ക് തള്ളിവിടുന്ന പണം കടം കൊടുക്കുന്ന ആപ്പുകൾ

തിരുവനന്തപുരത്തെ ഒരു ടാക്സി ഡ്രൈവർക്കുണ്ടായ തിക്താനുഭവം പറഞ്ഞുകൊണ്ട് തുടങ്ങാം: വളരെ അത്യാവശ്യമായതിനാൽ സുഹൃത്തുക്കളിൽ നിന്നും കടം ചോദിച്ചിട്ട് കിട്ടാത്തതിനെത്തുടർന്ന് പണം കടം കൊടുക്കുന്ന ഒരു മൊബൈൽ ആപ്പിൽ നിന്നും (Digital Lending App) 3000 രൂപ കടമെടുത്തു. മൂന്നുമാസത്തിനുള്ളിൽ തിരിച്ചുകൊടുക്കാമെന്നായിരുന്നു വ്യവസ്ഥ. 3000 രൂപ കടം വാങ്ങിയപ്പോൾ ബാങ്കിൽ വന്നത് 2700 രൂപ മാത്രം. കമ്പനി എക്സിക്യൂട്ടിവിനെ വിളിച്ചു ചോദിച്ചപ്പോൾ അത് "ജി എസ് റ്റി" എന്നായിരുന്നു മറുപടി. നിർഭാഗ്യവശാൽ അയാൾക്ക് പറഞ്ഞസമയത്ത് തിരിച്ചടക്കാൻ കഴിഞ്ഞില്ല. ഓരോ ഇൻസ്റ്റാൾമെന്റ് മുടങ്ങുമ്പോഴും കമ്പനി എക്‌സിക്യൂട്ടീവിൽ നിന്നും കടുത്ത ഭാഷയിലുള്ള തെറിവിളി കേൾക്കേണ്ടി വന്നിരുന്നു.അവസാനത്തെ ഇൻസ്റ്റാൾമെന്റും തിരിച്ചടച്ച ആശ്വാസത്തിൽ ഇരിക്കുമ്പോൾ കമ്പനി എക്സിക്യൂട്ടീവിന്റെ വിളി വീണ്ടും. പലിശയും ഇൻസ്റ്റാൾമെന്റ് വൈകിയ ഓരോ ദിവസത്തിനും പെനാൽറ്റിയും ചേർന്ന് 2000 രൂപ ഉടനെ അടക്കണമെന്ന് ശാസന. പണം ഉടനെ കണ്ടെത്താൻ കഴിയാത്ത അയാൾക്ക് പിറ്റേന്ന് കിട്ടിയത് മറ്റൊരു കനത്ത പ്രഹരം. സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും വാട്സാപ്പുകളിൽ അയാളെ കുറ്റപ്പെടുത്തിക്കൊണ്ടുള്ള കമ്പനി വക സന്ദേശങ്ങൾ തുരുതുരാ വരുന്നു. സഹികെട്ട അയാൾ പലരിൽ നിന്നുമായി കടം വാങ്ങി കമ്പനി ആവശ്യപ്പെട്ട മുഴുവൻ തുകയും തിരിച്ചടച്ചു!!

ടാക്സി ഡ്രൈവറുടേത് ചെറിയൊരുദാഹരണം മാത്രം. വലിയതുക കടം വാങ്ങിയവർ തിരിച്ചടക്കാനാവാതെ ആത്മഹത്യയിൽ അഭയം തേടിയ ഉദാഹരണങ്ങൾ നിരവധിയാണ്. അതിഭീകരമാണ് ഈ ആപ്പുകളുടെ തന്ത്രങ്ങൾ. 30 മുതൽ 40 ശതമാനം വരെയാണ് പലിശ. വെളിവാക്കപ്പെടാത്ത മറ്റ് പലിശകളും ചെലവുകളും വേറെ. ആപ്പ് പൂരിപ്പിക്കുമ്പോൾ തന്നെ കെ വൈ സി വിവരങ്ങൾ (KYC) വിവരങ്ങൾ കൈമാറാൻ ആവശ്യപ്പെടും. മൊബൈൽ ഫോൺ കോണ്ടാക്റ്റ് ലിസ്റ്റ് അനുവാദവും ചോദിക്കുന്നു. ആധാർ കാർഡ്, പാൻ കാർഡ് നമ്പറുകളും ആവശ്യപ്പെട്ടേക്കാം. ഇതെല്ലാം ഈ സ്ഥാപങ്ങങ്ങൾ ദുരുപയോഗം ചെയ്യാനുള്ള സാദ്ധ്യത വളരെയേറെയാണ്.

ഇക്കഴിഞ്ഞ ഡിസംബർ 22-ന് ഹൈദരാബാദിലും സൈദരാബാദിലുമായി പോലീസ് നടത്തിയ റെയ്‌ഡിൽ വ്യാജ പണം കടം കൊടുക്കുന്ന ആപ്പുകൾ നടത്തുന്ന 17 പേരാണ് പിടിയിലായത്. ഇവരിൽ നിന്നും പിടിച്ചെടുത്ത ലാപ്ടോപ്പിൽ നിന്നും മൊബൈൽ ഫോണുകളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ പണം നിക്ഷേപിക്കുന്നവർ ഇൻഡോനേഷ്യയിലും ചൈനയിലുമുള്ളവരാണെന്നും കണ്ടെത്തുകയുണ്ടായി. ഒരേ നിക്ഷേപകർ തന്നെയാണ് ഇത്തരത്തിലുള്ള നിരവധി ആപ്പുകൾ നടത്തുന്നത്. ഒരു ആപ്പിൽ നിന്നും പണം കടമെടുത്ത് തിരിച്ചടക്കാനാവാതെ കെണിയിലാവുന്നവരെ അതേ സ്ഥാപനത്തിന്റെ തന്നെ മറ്റൊരു ആപ്പിൽ നിന്നുള്ളവർ ബന്ധപ്പെട്ട് സഹായിക്കാമെന്നറിയിക്കുന്നു.അവരിൽ നിന്നും കടമെടുത്ത വ്യക്തി ആദ്യത്തെ കടം വീട്ടുന്നു. അങ്ങനെ കടക്കെണിയുടെ ദൂഷിതവലയത്തിലാവുന്ന വ്യക്തിയുടെ ജീവിതം ദുരിതമയമാകുന്നു.

ഇത്തരം ആപ്പുകളുടെ കൊലച്ചതികളിൽ പെടരുതെന്ന് ഉപദേശിച്ചുകൊണ്ടുള്ള ഒരു നിർദ്ദേശം കഷിഞ്ഞദിവസം റിസർവ് ബാങ്ക് .പുറപ്പെടുവിച്ചിരുന്നു. റിസർവ്വ് ബാങ്കിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ബാങ്കുകൾക്കും ബാങ്കിങ്‌ ഇതര ധനകാര്യസ്ഥാപനങ്ങൾക്കും (NBFC) മാത്രമേ വെബ്‌സൈറ്റുകൾ വഴിയും മൊബൈൽ ആപ്പുകൾ വഴിയും നിലവിൽ പണം കടം കൊടുക്കുന്നതിന് അധികാരമുള്ളൂ. ഓൺലൈൻ ആപ്പുകളിൽ നിന്നും പണം കടം വാങ്ങുന്നതിനുമുമ്പ് ഇത്തരം സ്ഥാപനങ്ങളുടെ സ്വഭാവം മനസ്സിലാക്കണം. ഇവക്ക് റിസർവ് ബാങ്ക് അംഗീകാരം ഉണ്ടൊന്നുള്ള കാര്യവും പരിശോധിക്കണം. അംഗീകാരമുള്ള ബാങ്കുകളുടെയും മറ്റ് ധനകാര്യസ്ഥാപനങ്ങളുടെയും ലിസ്റ്റ് റിസർവ്വ് ബാങ്കിന്റെ വെബ്‌സൈറ്റിൽ കൊടുത്തിട്ടുണ്ട് (https://www.rbi.org.in/Scripts/BS_NBFCList.aspx). അംഗീകാരമില്ലാത്ത സ്ഥാപനങ്ങൾ പണം കടം കൊടുക്കുന്നുണ്ടെങ്കിൽ റിസർവ്വ് ബാങ്കിന് പരാതി കൊടുക്കേണ്ടതാണെന്നും നിർദേശത്തിൽ പറയുന്നുണ്ട് (https://sachet.rbi.org.in). അംഗീകാരമുള്ള സ്ഥാപനങ്ങൾക്കെതിരെ പരാതികൾ എന്തെങ്കിലുമുണ്ടെങ്കിൽ അതും റിസർവ്വ് ബാങ്കിന് കൊടുക്കാവുന്നതാണ് (https://cms.rbi.org.in)